ലഖ്നൗ: നിയമവിദ്യാര്‍ഥിയുടെ മരണത്തിൽ പെണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. നോയിഡയില്‍ ഫ്ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥിയായ തപസ്സ്(23) ആണ് മരിച്ചത്. പെണ്‍സുഹൃത്തിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. തപസ്സുമായി ഒത്തുപോകാന്‍ ഇയാളുടെ കാമുകി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാരനുമായി വീണ്ടും ബന്ധം തുടരാൻ തപസ്സിന്റെ സുഹൃത്തുക്കള്‍ യുവതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, യുവതി ഇത് നിരസിച്ചെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. എന്നാൽ, ഇതിന്‍റെ പേരിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അമിറ്റി സര്‍വകലാശാലയിലെ സഹപാഠികളായിരുന്നു തപസ്സും യുവതിയും. പ്രണയബന്ധത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായത്. ബന്ധം തുടരാൻ തപസ്സ് ആഗ്രഹിച്ചിരുന്നെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഇത് തപസ്സിനെ വിഷമിപ്പിച്ചിരുന്നു.
ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്സിലുള്ള ഫ്‌ളാറ്റിന്റെ ഏഴാമത്തെ നിലയിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ പാര്‍ട്ടിക്കെത്തിയതായിരുന്നു തപസ്സ്. ഇയാളുടെ സുഹൃത്തുക്കള്‍ യുവതിയേയും പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു. ഇരുവരും ബന്ധം തുടരുന്ന കാര്യം സംസാരിച്ച്, പ്രശ്നം പരിഹരിക്കുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യം. പാര്‍ട്ടിക്ക് എത്തിയെങ്കിലും തപസ്സുമായി വീണ്ടും ഒന്നിച്ച് പോകാന്‍ യുവതി വിസമ്മതിച്ചു. ഇതിനേത്തുടർന്നാണ് യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി തങ്ങളുടെ മകനെ ശല്യപ്പെടുത്തിയെന്ന തപസ്സിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്.