കോഴിക്കോട്: ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് സന്തോഷമുള്ള കാര്യമെന്ന് അവർ പറഞ്ഞു.
തെറ്റ് ഏറ്റുപറഞ്ഞ പശ്ചാത്തലത്തിലാണ് ജാമ്യം. കോടതി നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കലാകുമിത്. പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ട്. സമൂഹ മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പൊലീസ് നടപടിയെടുക്കണം. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
അതേസമയം, നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് മൂന്നരയ്ക്കുണ്ടാവും. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹർജി പരിഗണിച്ചത്. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിക്കായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് ഹാജരായത്. ബോബിയുടെ ജാമ്യഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിടുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പ്രതി നടിയെ തുടർച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമർശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാൽ പ്രതി റിമാൻഡിലായപ്പോൾ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നാണ് കോടതി നൽകിയ മറുപടി. ആർക്കെതിരെ എന്തും സമൂഹമാധ്യമങ്ങളിൽ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ബോബിയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്ന് ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.