തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണം തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി ബി.ജെ.പി കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കൗണ്‍സിലര്‍മാരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം വിലയിരുത്തി.
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നഗരസഭയ്ക്കും സംസ്ഥാന സര്‍ക്കാരിനും മെല്ലപ്പോക്കാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ബി.ജെ.പി ജില്ലാ അധ്യക്ഷനും കൗണ്‍സിലറുമായ വി.വി. രാജേഷും രാജീവ് ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നു. മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെര്‍മാനുമായിരുന്ന ഡോ. ടി.പി. നശ്രീനിവാസനുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് നടപ്പിലാക്കാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ സംബന്ധിച്ച് അദ്ദേഹവുമായും ചര്‍ച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും ചെയ്യും.
ബി.ജെ.പി വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് പത്മകുമാര്‍, ചാല കൗണ്‍സിലര്‍ സിമിജ്യോതിഷ് എന്നിവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലിലുള്ള ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ അവരുടെ കേസ് നടത്തിപ്പു സംബന്ധിച്ചും വിലയിരുത്തി. കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ചും പരോള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്തു. കൂടുതല്‍ സമയം തിരുവനന്തപുരത്തെ ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം സജീവമാകുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കൂടുതലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കവടിയാറില്‍ വാങ്ങിയ പുതിയ വീട്ടിലേക്ക് അടുത്ത മാസം മുതല്‍ താമസമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGH LIGHTS; Centralized projects will be implemented more in Thiruvananthapuram: Rajeev Chandrasekhar