Kerala

‘അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയി’; ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് പി സതീദേവി | p satheedevi about harsheena

സൗജന്യ നിയമസഹായം ഉൾപ്പടെ വാ​ഗ്ദാനം ചെയ്തിരുന്നുവെന്നും സതീദേവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയെന്നും പി സതീദേവി വിമർശിച്ചു.

ഹർഷിനയെ വീട്ടിൽ പോയി കണ്ടിരുന്നെന്നും അന്നുതന്നെ മെഡിക്കൽ നെ​ഗ്ലിജൻസിന് ആവശ്യമായ നഷ്ടപരിഹാരം കിട്ടുന്നതിന് കോടതിയെ സമീപിക്കാൻ സൗജന്യ നിയമസഹായം ഉൾപ്പടെ വാ​ഗ്ദാനം ചെയ്തിരുന്നുവെന്നും സതീദേവി പറഞ്ഞു. എന്നാൽ ഇതിനെയല്ലാം അവഗണിച്ചുകൊണ്ടാണ് ഹർഷിന രാഷ്ട്രീയ നീക്കങ്ങളുടെ ഭാ​ഗമായത്. അവർക്ക് ആവശ്യമെങ്കിൽ ലീ​ഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് നിയമസഹായം നൽകാൻ തയ്യാറാണെന്നും സതീദേവി പറഞ്ഞു.

ബോബി ചെമ്മണൂർ തെറ്റ് ഏറ്റുപറഞ്ഞുവെന്നും കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണെന്നും സതീദേവി പ്രതികരിച്ചു. സ്ത്രീക്ക് അന്തസോടെ പൊതുവിടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കലാകും ഇത്. പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്. സാമൂഹിക മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പോലീസ് നടപടി എടുക്കണം. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു