പാലക്കാട്: പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമായിരുന്നു ബലൂണിൽ ഉണ്ടായിരുന്നത്. ഇന്ധനം തീർന്നതിനെ തുടർന്ന് ആയിരുന്നു അപകടം.
പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂൺ പറപ്പിക്കലിനിടെ ആയിരുന്നു അപകടം. രാവിലെ എട്ടരയോടെയാണ് പാടത്ത് ബലൂൺ ഇടിച്ചിറക്കിയത്. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയിൽ ബലൂൺ എത്തിയത്. ഈ സമയത്താണ് ബലൂണിൽ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തിൽ തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു.
കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്. സംഭവം അറിഞ്ഞയുടൻ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുത്ത് മാറ്റി.
CONTENT HIGHLIGHT: balloon crashed in palakkad