Kerala

പുറത്തിറങ്ങുന്ന ബോചെയെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകർ ജയിലിന് പുറത്ത്; സ്വീകരണവും റോഡ് ഷോയും അടക്കം ഒരുക്കി സ്ഥാപനത്തിലെ ജീവനക്കാരും | women with flowers to welcome boche

50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ ജയിലിന് മുന്നിൽ കൂടിയിരിക്കുന്നത് സ്ത്രീകളടക്കമുള്ളവർ. കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയത്. പൂക്കളടക്കം കയ്യിലേന്തിയാണ് പലരും അവിടെ എത്തിയത്. കൂട്ടത്തിൽ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്.

ജയില്‍ജീവിതം ബോച്ചെയെ ഇരട്ടക്കരുത്തനാക്കി എന്നതാണ് അദ്ദേഹത്തിന്റെ പി ആര്‍ വിദഗ്ധര്‍ തയ്യാറാക്കിയ പുതിയ മുദ്രാവാക്യം. അത് അനുസരിച്ചുള്ള സ്വീകരണവും റോഡ് ഷോയും അടക്കം തയ്യാറാക്കിയിട്ടുണ്ട്.

50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണൂർ കഴിഞ്ഞിരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോ​ഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.