New team to investigate Kodakara money laundering case... Investigation will begin as soon as permission is received from the court
ആലപ്പുഴ: ഹൗസ് ബോട്ട് ജീവനക്കാരും വിനോദ സഞ്ചാരികളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ വിമുക്തഭടൻമാരുടെ സംഘത്തിലെ രണ്ട് പേർക്ക് ആണ് വെട്ടേറ്റത്. സംഭവത്തിൽ ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആലപ്പുഴയിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ് 14 പേരടങ്ങുന്ന വിമുക്ത ഭടൻമാരുടെ സംഘം. ഇവർ സഞ്ചരിച്ചിരുന്ന ഫോർ സൈറ്റ് എന്ന ഹൗസ് ബോട്ടിൽ എസിയും മൈക് സിസ്റ്റവും പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ഹൗസ് ബോട്ട് ജീവനക്കാരുമായി തർക്കം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് വൈകീട്ടോടെ കൈനകരിയിൽ ബോട്ട് അടുപ്പിച്ചപ്പോൾ ജീവനക്കാരും പുറത്ത് നിന്ന് വന്നവരും ചേർന്ന് വിമുക്തഭടൻമാരെ ആക്രമിച്ചെന്നുമാണ് പരാതി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
വിമുക്ത ഭടൻമാരിൽ ഒരാളുടെ തലയ്ക്ക് അടിയേറ്റു. മറ്റൊരാൾക്ക് കൈക്കും വെട്ടേറ്റു. ആഴത്തിൽ മുറിവേറ്റ ഹരിലാലിന് കൈക്ക് 22 സ്റ്റിച്ച് ഉണ്ട്. ഹരിലാലിന്റെ പരാതിയിൽ ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. എന്നാൽ വിനോദ സഞ്ചാരത്തിന് എത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നും അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് ഹൗസ് ബോട്ട് ജീവനക്കാർ പറയുന്നത്.