Ernakulam

വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീൻ ഹിറ്റെന്ന് കൊച്ചി നഗരസഭ; ഇതുവരെ വൃത്തിയാക്കിയത് 1,23,520ചതുരശ്ര മീറ്റര്‍ പ്രദേശം | canal cleaning

കനാലുകള്‍ വൃത്തിയാക്കുന്നതിന് ടെണ്ടര്‍ നടപടികളിലൂടെ കരാര്‍ നല്‍കുമ്പോള്‍ വരുന്നതിനെക്കാള്‍ ചെലവ് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്.

കൊച്ചി: കനാലുകള്‍ വൃത്തിയാക്കാൻ കൊണ്ടുവന്ന വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ലാഭകരമെന്ന് കൊച്ചി നഗരസഭ.  ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നുള്ള വര്‍ഷങ്ങളായുള്ള നഗരസഭയുടെ ആവശ്യം സഫലീകരിച്ചുകൊണ്ട് എത്തിയ വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന കനാലുകളിലൊന്നായ പേരണ്ടൂര്‍ കനാലിന്‍റെ ചിറ്റൂര്‍ പുഴയില്‍ നിന്നും ആരംഭിച്ച് കലൂര്‍ ഗോകുലം പാര്‍ക്കിന് സമീപം വരെയുള്ള ഭാഗം വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ ഉപയോഗപ്പെടുത്തി വളരെ നല്ല രീതിയില്‍ വൃത്തിയാക്കിയെന്നും നഗരസഭ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രവൃത്തി ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 33,91,857 രൂപയാണ് ചെലവ് വരുന്നത്. വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന് ഓരോ മാസവും ഫിക്സഡ് റേറ്റ് 8,20,738  രൂപയും, ആന്യുവല്‍ മെയിന്‍റനന്‍സ് കോസ്റ്റിനത്തില്‍ മണിക്കൂറിന് 1650 രൂപയും ആണ് ചെലവ് വരുന്നത്. ഇപ്രകാരം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ജനുവരി മാസത്തില്‍ ഇതുവരെയും സി.എസ്.എം.എല്‍ ഫണ്ടില്‍ നിന്ന് 26,03,891  രൂപയാണ് ചെലവായത്. ഇതു കണക്കിലെടുക്കുമ്പോള്‍ ടെണ്ടര്‍ ചെയ്ത് വര്‍ക്ക് ചെയ്യുന്നതിനെ അപേക്ഷിച്ച് 7,87,966 രൂപ നഗരസഭയ്ക്ക് ലാഭം ഉണ്ടായി.

മലിനമായ ജലാശയങ്ങളിലെ, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന രീതി ഒഴിവാക്കുന്നതിനും വീഡ് ഹാര്‍വസ്റ്റര്‍ മെഷീന്‍ ഉപയോഗിക്കുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റ് കായലുകളും തോടുകളും കൂടി വീഡ് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് പൂര്‍ണ്ണമായും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇത്തരത്തിലൂള്ള ചുവടുവെയ്പ്പുകളിലൂടെ നമ്മുടെ നഗരം കൂടുതല്‍ മനോഹരമാകുകയാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നഗരസഭ വാര്‍ത്താ കുറിപ്പിൽ പറ‍ഞ്ഞു.

content highlight : operation-of-the-weed-harvesting-machine-brought-to-clean-the-canals-is-profitable-says-kochi-corporation