കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോൾ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോൾ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷമെന്നാണ് വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നത്.
അതേസമയം, നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയത്.
ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുനേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
content highlight : everyone-happy-to-see-uma-thomas-in-video-call-talking-to-minister-with-smile-video