Kerala

ജയിലിൽ ബോബിക്ക് റജിസ്റ്ററിൽ രേഖപ്പെടുത്താതെ സന്ദർശകർ; ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തുകൊടുത്തു

തിരുവനന്തപുരം: എറണാകുളം ജില്ലാ ജയിലിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളായ 3 പേർ റജിസ്റ്ററിൽ രേഖപ്പെടുത്താതെ ബോബിയെ സന്ദർശിച്ചെന്നും ഫോൺ വിളിക്കാൻ അടക്കം സൗകര്യം ചെയ്തുകൊടുത്തെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. ജയിലിലെ ക്യാമറാദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോബിയുടെ സുഹൃത്തുക്കൾക്കൊപ്പം ജയിൽ ഉദ്യോഗസ്ഥൻ ജയിലിൽ എത്തിയത്. ആദ്യം ഉദ്യോഗസ്ഥൻ മാത്രം അകത്തുകയറി. അതിനു ശേഷം പുറത്തു നിന്നെത്തിയവരുടെ പേരുകൾ റജിസ്റ്ററിൽ ചേർക്കാതെ അകത്തേക്കു വിടാൻ സൂപ്രണ്ടിനോടു നിർദേശിച്ചു. തുടർന്നു സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വരുത്തി. കൂട്ടുകാരോട് 2 മണിക്കൂറിലേറെ അവിടെ അദ്ദേഹം സംസാരിച്ചതായാണു സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച വിവരം. ബോബിക്ക് ഫോൺ ചെയ്യാൻ അവസരം നൽകണമെന്ന് കൂട്ടുകാർ പറഞ്ഞു. തുടർന്നു ജയിൽരേഖകളിൽ മുൻകാല പ്രാബല്യത്തോടെ തിരുത്തൽ വരുത്തി 200 രൂപ നൽകിയെന്നാണ് കണ്ടെത്തൽ.