Kerala

പെരിയ ഇരട്ടക്കൊലക്കേസ്; നിയമപോരാട്ടത്തിന് വീണ്ടും സിപിഎം പണപ്പിരിവ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. ഈ മാസം 20നകം പണം നൽകാൻ ഏരിയ കമ്മിറ്റികൾക്ക് ജില്ലാ കമ്മറ്റിയുടെ നിർദേശം. കേസിൽ നിയമപോരാട്ടം നടത്താൻ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്. ഒരംഗം 500 രൂപ നൽകണമെന്നാണ് നിർദേശം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകാനും നിർദേശമുണ്ട്.

പെരിയ കേസില്‍ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഈയിടെ മരവിപ്പിച്ചിരുന്നു. ജയില്‍മോചിതരായ നേതാക്കള്‍ക്ക് സിപിഎം വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. 14-ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം കാസർകോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുൻ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തതോളി, 22-ാം പ്രതി കെ.വി.ഭാസ്‌കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായ കുറ്റം. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്.