പ്രശസ്ത കോഫിഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്‌സ് എന്നും യുവാക്കളുടെ ഹരമാണ്. സ്റ്റാര്‍ബക്‌സിൽ ഒന്ന് കയറിയിറങ്ങിയാൽ കുടുംബം വിൽക്കേണ്ടി വരുമെന്നും പറയാറുണ്ട് സാധാരണക്കാർ. ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള ചിത്രത്തിന് വേണ്ടി മാത്രവും അവിടേയ്ക്ക് കയറാറുണ്ട്. വാങ്ങുന്നത് ഒരു കോഫി ആണെങ്കിലും ടേബിളില്‍ ഇരുപ്പറിപ്പിക്കുക മണിക്കൂറുകൾ ആയിരിക്കും. ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫേയില്‍ വെറുതെ ഇരിക്കുന്നത് ചിലരുടെ ഒരു പതിവാണ്. ലാപുമായി വന്ന് ജോലിയും ആരംഭിക്കും, മറ്റു ചിലര്‍ ശുചിമുറി ഉപയോഗിക്കും.
ഒന്നുംവാങ്ങാതെ ഇപ്രകാരം കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്ന സ്റ്റാര്‍ബക്‌സ് എന്നാൽ ആ തീരുമാനത്തിൽ നിന്നൊരു പിൻമാറ്റത്തിലേക്ക് കടക്കുകയാണ്. വടക്കേ അമേരിക്കയില്‍ ഇനി സ്റ്റാര്‍ബക്‌സില്‍ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരിക്കുകയില്ല. സ്റ്റാര്‍ബക്‌സിലേക്ക് ആളുകളെ തിരിച്ചെത്തിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സെയ്ല്‍ ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
‘ഒരു കോഫീഹൗസ് മര്യാദ നടപ്പാക്കാനുള്ള ആലോചനയിലാണ്. ഞങ്ങളുടെ ഉല്പന്നങ്ങള്‍ വാങ്ങി കഫേയിലുന്ന് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പ്രായോഗിക ചുവടുവയ്പ്പായാണ് ഇതിനെ കരുതുന്നത്. കഫേ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ വരുത്തുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റുകള്‍. ഇതിലൂടെ സ്റ്റാര്‍ബക്സിലേക്ക് എല്ലാവരും മടങ്ങുന്നതിനായാണ് ശ്രമിക്കുന്നത്.’ അധികൃതര്‍ പറയുന്നു.
എല്ലാ സ്‌റ്റോറുകള്‍ക്ക് മുന്നിലും പുതിയ നിയമങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിയമം ലംഘിക്കുന്നവരോട് കഫേയില്‍ നിന്ന് പുറത്തിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്യും. ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പൊലീസിനെ വിളിക്കാം.
2018ലാണ് പൊതുജനങ്ങള്‍ക്ക് കോഫി ഷോപ്പുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചത്. ആര്‍ക്കുവേണമെങ്കിലും ശുചിമുറി ഉപയോഗിക്കാനും സാധിക്കുമായിരുന്നു. ഫിലാഡല്‍ഫിയയിലെ കഫേയില്‍ നിന്ന് രണ്ടുപേരെ അറസ്റ്റുചെയ്തത് വിവാദമായതിനു പിന്നാലെയായിരുന്നു തീരുമാനം. മറ്റൊരു ആകര്‍ഷകമായ പദ്ധതിയും സ്റ്റാര്‍ബക്‌സ് അവതരിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ബക്‌സ് കോഫി വാങ്ങിയവര്‍ക്ക് ഒരു തവണ അത് സൗജന്യമായി റീഫില്‍ ചെയ്യാന്‍ സാധിക്കും.
CONTENT HIGHLIGHT: starbucks reversing rules for its cafes