Kerala

എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം; പടിപൂജ ഇന്നു മുതൽ

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചും കാനനവാസനെ തൊഴുതും ഭക്തർ മലയിറങ്ങി വീടുകളിലേക്കു മടങ്ങുന്നു. അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം. അത്താഴപൂജയ്ക്കു ശേഷം തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ് മണിമണ്ഡപത്തിൽനിന്നു ജീവതയിലേക്കു മാറ്റി. തലപ്പാറ, ഉടുമ്പാറ മലകൾക്കുള്ള കൊടി, വാദ്യമേളങ്ങൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ടു. നൂറുകണക്കിനു ഭക്തരും അനുഗമിച്ചു. പതിനെട്ടാംപടിക്കലെത്തി നായാട്ടുവിളിയോടെയാണു പൂർത്തിയായത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നതോടെ മണിമണ്ഡപത്തിലെ കളമെഴുത്തും തുടങ്ങി.

പന്തളം കൊട്ടാരത്തിൽനിന്നു കൊടുത്തുവിട്ട പഞ്ചവർണപ്പൊടി ഉപയോഗിച്ചാണു കളമെഴുതുന്നത്. 18 വരെ എഴുന്നള്ളത്തും കളമെഴുത്തുമുണ്ടാകും. തീർഥാടനകാലത്തെ പടിപൂജ ഇന്നു തുടങ്ങും. 18 വരെ വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു പടിപൂജ. ഇതിനുള്ള ഒരുക്കം തുടങ്ങുന്നതിനാൽ വൈകിട്ട് 6 മുതൽ 8 വരെ തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ കഴിയില്ല. ഇന്ന് 70,000 പേർ വെർച്വൽ ക്യു ബുക്ക് ചെയ്തിട്ടുണ്ട്. സ്പോട് ബുക്കിങ്ങും അനുവദിക്കും. അതിനാൽ തിരക്കു കൂടുമെന്നാണു കരുതുന്നത്. തീർഥാടനത്തിനു സമാപനം കുറിച്ച് 20നു രാവിലെ 6.30നു നട അടയ്ക്കും.