Kerala

ജാമ്യം കിട്ടിയിട്ടും എന്തുകൊണ്ട് പുറത്തിറങ്ങിയില്ല? ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്വമേധയാ നടപടിയെടുത്ത് കോടതി

കൊച്ചി: കൊച്ചി∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ കുരുക്കിൽ. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽത്തുടരുകയാണെന്നാണ് ഇന്നലെ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി. പക്ഷേ കൂടുതൽ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.