Business

നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ്‌ പ്രവർത്തനമാരംഭിച്ചു

തെലുഗാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ്‌ പ്രവർത്തനമാരംഭിച്ചു. ബിജെപി നിസാമാബാദ് ജില്ലാ പ്രസിഡൻറ് പല്ലെ ഗംഗ റെഡ്‌ഡിയാണ് അധ്യക്ഷൻ. 3 വർഷത്തേക്കാണ് നിയമനം.

മഞ്ഞൾ കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളും പ്രോത്സഹിപ്പിക്കാനാണ് ബോർഡ് രൂപീകരിച്ചത്. മഞ്ഞൾ ഉല്പാദിപ്പിക്കുന്ന കേരളം അടക്കമുള്ള 20 സംസ്ഥാനങ്ങളിലെ കർഷകരുടെ ക്ഷേമത്തിനു ബോർഡ് ഊന്നൽ നൽകും. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് ഡയറക്ടറും അംഗമാണ്.

വാണിജ്യം, കൃഷി, ആയുഷ്, ഫാർമ മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ബോർഡിൽ മഞ്ഞൾ ഉത്പാദനം ഏറെയുള്ള സംസ്ഥാനങ്ങൾക്കു റൊട്ടേഷൻ വ്യവസ്ഥയിൽ പ്രതിനിത്യമുണ്ടാകും. കയറ്റുമതി, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്ന 5 പേർ, സ്‌പൈസസ് ബോർഡ് സെക്രട്ടറി, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് സിഇഒ തുടങ്ങിയവരും ബോർഡിൻറെ ഭാഗമാണ്.

2023 -24ൽ രാജ്യത്ത് 3.05 ലക്ഷം ഹെക്ടറിലാണ് മഞ്ഞൾ കൃഷി നടന്നതെന്ന് ഉദ്ഘാടനവേളയിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 1.62 ലക്ഷം ടൺ മഞ്ഞളും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് ഇന്ത്യ ആ വർഷം കയറ്റിഅയച്ചത്. ലോകമാകയുള്ള മഞ്ഞൾ കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്.