ദില്ലി: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചൽ പ്രദേശിലെ കസൗലിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ഇരുവർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 2024 ഡിസംബർ 13 ന് സോളൻ ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
2023 ജൂലൈ 3 ന് ബോസിനൊപ്പം കസൗലിയിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് രണ്ട് പ്രതികളെയും കണ്ടുമുട്ടിയതെന്ന് പരാതിയിൽ പറയുന്നു. ബദോലി രാഷ്ട്രീയക്കാരനാണെന്ന് പരിചയപ്പെടുത്തി, റോക്കി എന്നറിയപ്പെടുന്ന ജയ് ഭഗവാൻ ഗായകനാണെന്നും പരിചയപ്പെടുത്തി. സർക്കാർ ജോലിയും മ്യൂസിക് വീഡിയോ അവതരിപ്പിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു. തുടർന്ന് ഹോട്ടൽ മുറിയിൽ മദ്യം കഴിക്കാൻ നിർബന്ധിച്ചെന്നും നിരസിച്ചപ്പോൾ പ്രതികൾ ബലം പ്രയോഗിച്ച് മദ്യം കഴിപ്പിച്ചു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. എതിർത്തപ്പോൾ സുഹൃത്തിനെ ഭീഷണിപ്പെടുത്തി. ശേഷം തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോയും ചിത്രങ്ങളുമെടുത്തെന്നും പരാതിക്കാരി ആരോപിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ട് മാസം മുമ്പ് പഞ്ച്കുളയിലെ റോക്കിയുടെ വീട്ടിലേക്ക് യുവതിയെ വിളിപ്പിച്ചിരുന്നുവെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിയിൽ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം ബദോലിക്കും റോക്കിക്കുമെതിരെ കേസെടുത്തു.
content highlight : haryana-bjp-chief-and-singer-charged-with-gang-rape