വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സമോസ തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ നല്ല ഇറച്ചി സമോസ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. മൈദ – രണ്ടു കപ്പ്
- ഉപ്പ്, വെള്ളം – പാകത്തിന്
- 2. വനസ്പതി – ആറു ചെറിയ സ്പൂൺ
- 3. എണ്ണ – കാൽ കപ്പ്
- 4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
- 5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
- പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
- 6. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
- 7. ഇറച്ചി മിൻസ് ചെയ്തത് – അരക്കിലോ
- 8. വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- 9. ഏലയ്ക്ക – ആറ്
- ഗ്രാമ്പൂ – എട്ട്
- കറുവാപ്പട്ട – രണ്ടു കഷണം
- ജാതിക്ക – ഒന്നിന്റെ കാൽ ഭാഗം
- 10. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
- 11. മല്ലിയില പൊടിയായി അരിഞ്ഞത്
- പുതിനയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിമാവിന്റെ പാകത്തിൽ കുഴച്ചു വയ്ക്കുക. ഇതു നെല്ലിക്കാ വലുപ്പത്തിൽ ഉരുളകളാക്കി കനം കുറച്ചു പരത്തണം. ഒരു ചപ്പാത്തിയുടെ മുകളിൽ വനസ്പതി ഉരുക്കിയതു പുരട്ടിയ ശേഷം മറ്റൊരു ചപ്പാത്തി വച്ച് അധികം ബലം കൊടുക്കാതെ ഇരുവശവും പരത്തണം. ഇത് ചൂടായ ദോശക്കല്ലിൽ ഇട്ട് ഇരുവശവും വാട്ടിയെടുക്കണം. ഇതു രണ്ടായി അടർത്തിയ ശേഷം ഓരോ ചപ്പാത്തിയും നാലായി മുറിക്കണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റുക. സവാള ചേർത്തു വഴറ്റിയ ശേഷം ഇറച്ചി ചേർത്തു കട്ട കെട്ടാതെ ഇളക്കണം.
ഇതിൽ വിനാഗിരിയും ഉപ്പും ചേർത്ത് ഒൻപതാമത്തെ ചേരുവ പൊടിച്ചതും കുരുമുളകുപൊടിയും ചേർത്തിളക്കുക. വെള്ളം ചേർക്കാതെ ചെറുതീയിൽ വേവിച്ചു കട്ട കെട്ടാതെ ഉടച്ചു വയ്ക്കുക. അടുപ്പിൽ നിന്നു വാങ്ങി, മല്ലിയിലയും പുതിനയിലയും ചേർത്തു യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്. രണ്ടു ചെറിയ സ്പൂൺ മൈദ അൽപം ചൂടുവെള്ളം ചേർത്തു കുറുകെ ഇളക്കുക. നാലായി മുറിച്ച ചപ്പാത്തിയുടെ ഒരു വശത്ത് അൽപം മൈദ കുഴച്ചതു പുരട്ടി കുമ്പിളാക്കി തയാറാക്കിയ ഫില്ലിങ് ഉള്ളിൽ നിറയ്ക്കുക. അൽപം മൈദ കുഴച്ചതു കൊണ്ട് ഒട്ടിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരാം. സമോസ തയാർ.