tips

വെള്ളം ശുദ്ധീകരിക്കുന്ന വാട്ടർ പ്യൂരിഫയർ നിങ്ങൾ ശുദ്ധീകരിക്കാറുണ്ടോ ? ഇല്ലെങ്കിൽ പണി കിട്ടും | water purifier maintenance tips

ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരിക്കലെങ്കിലും വാട്ടർ പ്യൂരിഫയർ വൃത്തിയാക്കണം

തൊടിയിലെ കിണർ വെള്ളത്തിന്റെ നേർത്ത മധുരം ആസ്വദിക്കാത്ത മലയാളികൾ ആരും ഉണ്ടാകില്ല. എന്നാൽ ഇന്ന് കിണറുകളിലെ വെള്ളം പോലും അത്ര ശുദ്ധമല്ല എന്നതാണ് വാസ്തവം. പുറത്തുനിന്നുള്ളതല്ല, മണ്ണിനടിയിലുള്ള മാലിന്യങ്ങൾ തന്നെയാണ് കിണർ വെള്ളത്തെ അശുദ്ധമാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ കിണറ്റിൽ നിന്നുള്ള വെള്ളം ആണെങ്കിലും അത് ഒന്ന് ശുദ്ധീകരിക്കുന്നത് ഏറെ നല്ലതാണ്. ഇതിനായി മിക്കവരും വാട്ടർ പ്യൂരിഫയറുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നിങ്ങൾ ഈ വാട്ടർ പ്യൂരിഫയർ ശുദ്ധീകരിക്കാറുണ്ടോ? അവ നന്നായി പ്രവർത്തിക്കണമെങ്കിലും ബാക്ടീരിയകളുടെയും മറ്റും വളർച്ച തടയേണ്ടതുണ്ട്. അതിന് കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കണം.

വാട്ടർ പ്യൂരിഫയറുകളുടെ ഫിൽട്ടർ കാട്രിഡ്ജുകളിൽ അഴുക്കും മാലിന്യവും അടിഞ്ഞുകൂടും. അത് വൃത്തിയാക്കിയില്ലെങ്കിൽ വാട്ടർ പ്യൂരിഫയറിന്റെ പ്രവർത്തനത്തെ ബാധിക്കും. പതിവായി വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കളും മറ്റും പ്യൂരിഫയറിൽ വളരാൻ സാധ്യതയുണ്ട്. വാട്ടർ പ്യൂരിഫയർ വൃത്തിയാക്കിയില്ലെങ്കിൽ അത് നമ്മുടെ വെള്ളത്തിന്റെ രുചിയെ തന്നെ ബാധിക്കുകയും ചെയ്യും.

ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരിക്കലെങ്കിലും വാട്ടർ പ്യൂരിഫയർ വൃത്തിയാക്കണം. വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം വീര്യം കുറഞ്ഞ ഡിറ്റർജന്റെും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം. ആദ്യം വാട്ടർ പ്യൂരിഫയറിലേക്കുള്ള ജലവിതരണം നിർത്തി വയ്ക്കണം. ഇലക്ട്രിക്കൽ ഔട്ട് ലെറ്റിൽ നിന്ന് വാട്ടർ പ്യൂരിഫയർ അൺപ്ലഗ് ചെയ്യുക. ശുദ്ധജലം ഉപയോഗിച്ച് നനച്ച മൃദുവായ തുണി കൊണ്ട് വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം തുടയ്ക്കുക. അതിനു ശേഷം തുണിയിൽ നേരിയ അളവിൽ വീര്യം കുറഞ്ഞ ഡിറ്റർജൻ്റ് ആക്കിയതിനു ശേഷം പുറംഭാഗം തുടയ്ക്കുക. അതിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് തുണി നന്നായി കഴുകിയതിനു ശേഷം പുറംഭാഗം ഒരിക്കൽ കൂടി തുടയ്ക്കുക. വൃത്തിയാക്കിയതിനു ശേഷം വാട്ടർ പ്യൂരിഫയർ ശുദ്ധമായ വെള്ളത്തിൽ കഴുകുക. അവശിഷ്ടങ്ങൾ, പൊടി, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം നന്നായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്.

കുടിവെള്ളം ശുദ്ധമായി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വാട്ടർ പ്യൂരിഫയറിന്റെ വാട്ടർ സ്റ്റോറേജ്. കാലക്രമേണ സ്റ്റോറേജ് ടാങ്കിൽ മണൽ, ബാക്ടീരിയ, ദുർഗന്ധം എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് വെള്ളത്തിൻ്റെ ഗുണനിലവാരം കുറയ്ക്കാൻ കാരണമാകുന്നു. വാട്ടർ പ്യൂരിഫയറിൻ്റെ ടാങ്ക് വൃത്തിയാക്കാൻ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

നിർമാതാക്കൾ നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്യൂരിഫയർ നീക്കം ചെയ്ത് ശൂന്യമാക്കുക. കണ്ടെയ്നറിൽ നിന്ന് ശേഷിക്കുന്ന വെള്ളവും നീക്കം ചെയ്യുക. അതിനു ശേഷം വീര്യം കുറഞ്ഞ ഒരു ക്ലീനിംഗ് സൊല്യൂഷൻ നിർമിക്കുക. വീര്യം കുറഞ്ഞ ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ച് സോല്യൂഷൻ തയാറാക്കാം. മൃദുവായ ബ്രഷ് അല്ലെങ്കിൽ സ്പോഞ്ചിൽ ക്ലീനിങ് ലായനി ഉപയോഗിച്ച് ഉൾഭാഗം വൃത്തിയായി കഴുകുക. അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുള്ള കോണുകളിലും വിടവുകളിലും പ്രത്യേകശ്രദ്ധ നൽകണം. ക്ലീനിങ് ലായനിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശുദ്ധജലം ഉപയോഗിച്ച് ശ്രദ്ധാപൂർവം കഴുകുക. നന്നായി കഴുകിയ ശേഷം ടാങ്ക് വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ഉണങ്ങിക്കഴിഞ്ഞാൽ നിർമാതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇത് പുനസ്ഥാപിക്കുക. പ്യൂരിഫയറും ടാങ്കും തുടങ്ങി എല്ലാം സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രവർത്തിപ്പിക്കുക.

വാട്ടർ പ്യൂരിഫയറിന്റെ ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കണം. അഴുക്ക്, പൊടി, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കേണ്ടത്. പ്യൂരിഫയറിലേക്കുള്ള ജലവിതരണം ഓഫ് ചെയ്തതിനു ശേഷം വേണം ഫിൽട്ടറുകൾ വൃത്തിയാക്കാൻ. അഴുക്കും മാലിന്യവും നീക്കം ചെയ്യുന്നതിന് പ്രി-ഫിൽട്ടറുകൾ ഒഴുകുന്ന വെള്ളത്തിനടിയിൽ ശ്രദ്ധാപൂർവം കഴുകണം. വെളുത്ത വിനാഗിരി അല്ലെങ്കിൽ സിട്രിക് ആസിഡ് വെള്ളം ഉപയോഗിച്ച് ഒരു ക്ലീനിംഗ് ലായനി ഉണ്ടാക്കി അതിൽ ഫിൽട്ടറുകൾ അണുവിമുക്തമാക്കാം. ക്ലീനിംഗ് ലായനിയിൽ കുറച്ചുസമയം മുക്കിവെച്ചതിനു ശേഷം ഫിൽട്ടറുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകുന്നത് അണുവിമുക്തമാക്കാൻ സഹായിക്കും. നന്നായി കഴുകിയതിനുശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഫിൽട്ടർ ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങിയതിനു ശേഷം ഫിൽട്ടറുകൾ പുനസ്ഥാപിച്ച് പ്യൂരിഫയർ പ്രവർത്തിപ്പിച്ച് തുടങ്ങാവുന്നതാണ്.