ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മൂടൽമഞ്ഞിനെ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങൾ വൈകുകയും ചെയ്തു. ദില്ലിയിലേക്കുള്ള 26 ട്രെയിനുകളും വൈകി ഓടുന്നതിനാൽ ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ ദില്ലിയിലും സമീപ നഗരങ്ങളിലും റോഡ് ഗതാഗതവും കുറഞ്ഞു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു. ദില്ലിയിൽ ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാവിലെ കനത്ത മൂടൽമഞ്ഞും പിന്നീട് പകൽ മേഘാവൃതമായ ആകാശവും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിരുന്നു. അതേസമയം, വായുഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.
content highlight : 184-flights-delayed-7-cancelled-as-dense-fog-reduces-visibility-to-zero-in-delhi