പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, വടക്കൻ പറവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ചിരകാല സ്വപ്നമായ ജി.എ. മേനോൻ സ്പോർട്സ് ഹബ് യാഥാർഥ്യമാക്കി. ഇതോടെ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പ്രവർത്തന മേഖലയിൽ മറ്റൊരു പൊൻതൂവൽ കൂടി കമ്പനി തുന്നിച്ചേർത്തിരിക്കുകയാണ്.
കേരളത്തിലുടെനീളമുള്ള വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി യു എസ് ടി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ നടപ്പാക്കി വരുന്നുണ്ട്. മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സ്പോർട്സ് ഹബ്ബ് സജ്ജമാക്കിയത്. യു എസ് ടി യുടെ സ്ഥാപക ചെയർമാൻ ജി.എ. മേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു.
നവീകരിച്ച സ്കൂൾ മൈതാനം, മഡ്ഡ് ഫുട്ബോൾ കോർട്ട്, 100 മീറ്റർ, 200 മീറ്റർ അത്‌ലറ്റിക് ട്രാക്ക്, വോളീബോൾ കോർട്ട്, ലോങ്ങ് ജമ്പ് പിറ്റുകൾ, ബാഡ്മിന്റൺ കോർട്ടുകൾ എന്നിവ ഉൾപെടുന്നതാണ് കമ്പനി നിർമ്മിച്ച് കൈമാറിയ പുതിയ ജി എ മേനോൻ സ്പോർട്സ് ഹബ്ബ്. സ്കൂളിന്റെയും, വിദ്യാർഥികളുടെയും ദീഘനാളത്തെ സ്വപ്നമായിരുന്നു സർവ്വ സജ്ജീകരണങ്ങളോടെയുള്ള സ്പോർട്സ് ഹബ്ബ്. ഡെയ്ൽ വ്യൂവിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ജനുവരി 14-ന് സ്കൂളിൽ വച്ച് നടന്ന സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ പറവൂർ മുനിസിപ്പൽ കോർപ്പറേഷൻ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, ഹൈബി ഈഡൻ എം.പിയും സംയുക്തമായാണ് സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സുപ്രസിദ്ധ ഫുട്ബോൾ താരം ഐ.എം. വിജയൻ മുഖ്യാതിഥിയായി.
യു എസ് ടി ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ സ്പോർട്സ് ഹബ്ബ് വിദ്യാർഥികൾക്ക് കൈമാറി. ജി.എച്ച്.എസ്.എസ്. പറവൂറുമായി അടുത്ത ബന്ധമാണ് യു എസ് ടി യ്ക്ക് ഉള്ളതെന്നും, യു എസ് ടി യുടെ സ്ഥാപക ചെയർമാനായ ജി. എ. മേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. “പഠനത്തിലും, കായിക മത്സരങ്ങളിലും പ്രതിഭാധനരായ നിരവധി വിദ്യാർഥികളെ വാർത്തെടുത്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പറവൂർ. വിദ്യാലയത്തിനായി സ്പോർട്സ് ഹബ്ബ് യാഥാർഥ്യമാക്കാൻ യു എസ് ടിയ്ക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ കായിക പ്രതിഭകളെ സ്കൂളിന് വളർത്തിയെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
തുടർന്ന് ജി.എച്ച്.എസ്.എസ്. പറവൂരും, ജി.എച്ച്.എസ്.എസ്. പുതിയകാവും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവും നടന്നു.
യു എസ് ടിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജി എച്ച് എസ് എസ് പറവൂരിലെ 25 വിദ്യാർഥികൾക്ക് ജി.എ മേനോൻ സ്കോളർഷിപ്പ് നൽകിയിരുന്നു.
ചൊവ്വാഴ്ച നടന്ന സ്പോർട്സ് ഹബ്ബിൻ്റെ കൈമാറ്റചടങ്ങിൽ ജി.എച്ച്.എച്ച്.എസ്.എസ്. വടക്കൻ പറവൂർ ഹെഡ്മിസ്ട്രസ് സിനി എ.എസ്; മുൻ മന്ത്രി എസ് ശർമ, മുൻ എം.പി. ഡോ. കെ.പി.ധനപാലൻ, സ്‌കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ.വി, പി ടി എ പ്രസിഡന്റ് പി.എ.മുഹമ്മദ് അഷ്‌റഫ്. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, എറണാകുളം ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി. വി. നിഥിൻ , പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ജെ.ഷൈൻ, പറവൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, പറവൂർ നഗരസഭ വാർഡ് കൗൺസിലർ ഇ.ജി. ശശി, ശതോത്തര സുവർണ ജൂബിലി ചെയർമാൻ രമേശ് ഡി. കുറുപ്പ്, ഡെയ്ൽ വ്യൂ ഡയറക്ടർ സി. എസ്. ഡിപിൻ ദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, പൂർവവിദ്യാർഥി അസോസിയേഷൻ സെക്രട്ടറി ജോസ് തോമസ് എന്നിവർ ആശംസകൾ നേർന്നു. യു എസ് ടി ട്രിവാൻഡ്രം സെന്റർ ഹെഡ് ശില്പ മേനോൻ, സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, ലീഡ്-പിആർ ആൻഡ് മാർക്കറ്റിംഗ് – കേരളം റോഷ്‌നി ദാസ് കെ, സിഎസ്ആർ അസോസിയേറ്റ് വിനീത് മോഹനൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.