Kerala

ജയിലിന് പുറത്തും നാടകം! പടക്കം പിടിച്ചു വാങ്ങി പൊലീസ്, ബോബി കോടീശ്വരനെങ്കിലും വെറും സാധാരണക്കാരനെന്ന് ആരാധകർ | bobby-chemmanur-released

ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി

കൊച്ചി: ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോൾ പുറത്ത് നാടകീയ രംഗങ്ങൾ. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ ആരാധകർ പിടിച്ചു തള്ളി. ജയിൽ പരിസരത്ത് പടക്കം പൊട്ടിക്കാനും ബോബി ആരാധകര്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ഇത് തടഞ്ഞു. ഓൾ കേരള മെൻസ് അസോസിയേഷനാണ് പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.

കേസെടുക്കേണ്ടി വരുമെന്ന് ഇതോടെ പൊലീസ് മുന്നറിയിപ്പ് നൽകി. ജയിലിന് പുറത്ത് ബോബി അനുകൂലികൾ ജയ് വിളിക്കുകയും ചെയ്തു. ഒടുവിൽ പടക്കം പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് കുറച്ച് സ്ത്രീകളും ജയിലിന് മുന്നിലെത്തി. ബോബി ചെമ്മണ്ണൂര്‍ കോടീശ്വരൻ ആണെങ്കിലും അദ്ദേഹം സാധാരണക്കാരൻ ആണെന്നാണ് പിന്തുണച്ച് എത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ നേതാവ് പ്രതികരിച്ചത്.

നാടകീയ രംഗങ്ങൾക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞ് പോയത്. ബോച്ചെയ്ക്കൊപ്പം പോയി പടക്കം പൊട്ടിക്കുമെന്ന് പറഞ്ഞാണ് ആരാധകര്‍ പിരിഞ്ഞ് പോയത്. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഇന്ന് ജയിലിന് പുറത്തിറങ്ങിയത്. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

 

content highlight : bobby-chemmanur-released-mens-association-and-boche-fans-drama-outside-jail