സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ നാളെ തിയേറ്ററിൽ എത്തും. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ട്രെയിലർ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ചിത്രം ജനുവരി 16ന് തിയേറ്ററുകളിലെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ചെത്ത് സോങ്ങ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
STORY HIGHLIGHT: pravinkoodu shappu movie release