Entertainment

12 വർഷം പെട്ടിക്കുള്ളിൽ…! പുറത്തിറങ്ങിയപ്പോൾ വമ്പൻ ഹിറ്റ് ; വിശാലിന്റെ ‘മദ ഗജ രാജ’യുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ കുറച്ചു നാളുകളിയി സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു തമിഴ് നടൻ വിശാലിന്റെ ആരോ​ഗ്യസ്ഥിതി. ‘മധ ഗജ രാജ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴായിരുന്നു താരത്തെ ഏറെ അവശനായ നിലയിൽ കണ്ടത്. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത്. താരത്തിന്റെ കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. ക്ഷീണിതനായി നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ വിജയ് ആന്‍റണിയാണ്. ഇതിന് പിന്നാലെ നാടന്‍റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചകൾ ഉടലെടുക്കുകയായിരുന്നു.

യദാർഥത്തിൽ ഈ ചർച്ചകളോടെയാണ് ‘മദ ഗജ രാജ’ എന്ന ചിത്രത്തെപ്പറ്റി ആളുകൾ കൂടുതലായി കേട്ടത്. പുതിയ പോസ്റ്ററുകളോ മറ്റ് പ്രമോഷനുകളോ ഒന്നും തന്നെ ‘മദ ഗജ രാജ’ യ്ക്ക് ഉണ്ടായിരുന്നില്ല. അതിന്റെ കാരണം ചിത്രത്തിന് 12 വർഷത്തെ പഴക്കമുണ്ട് എന്നതായിരുന്നു. സുന്ദര്‍ സി സംവിധാനം നിര്‍വഹിച്ച ചിത്രം പല കാരണങ്ങളാലാണ് ഇത്രയും വൈകിയത്. വൈകിയാണ് തിയേറ്ററുകളിൽ എത്തിയതെങ്കിലും 2024 പൊങ്കല്‍ വിന്നറായി മധ ഗജ രാജ മാറും എന്നാണ് ബോക്സോഫീസ് കണക്കുകള്‍ വച്ച് ട്രാക്കര്‍മാരുടെ അഭിപ്രായം. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. ജനുവരി 12ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒരു ദിവസത്തെ മാത്രം കളക്ഷൻ 6.65 കോടിയാണ്. ആദ്യ ദിനം മൂന്ന് കോടിയാണ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത്. കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷകർ ഒരുപോലെ പറയുന്നു. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ.

12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് സിനിമാ റിവ്യൂവേഴ്സ് പറയുന്നത്. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.

Latest News