ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 ന് ആരംഭിക്കും. ഈ സമ്മേളനത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസ്സാക്കും. ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടര്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നുവെന്ന് സ്പീക്കര്‍ എ.എ്#. ഷംസീര്‍ പറഞ്ഞു.
ഫെബ്രുവരി 7 വെള്ളിയാഴ്ച 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കുന്നതാണ്. ഫെബ്രുവരി 13 ന് 2024 – 25 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യത്ഥനകള്‍ പരിഗണിക്കുന്നതിനും നിശ്ചയിച്ചിരിക്കുന്നു. തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നതാണ്.
മാര്‍ച്ച് 4 മുതല്‍ 26 വരെയുള്ള കാലയളവില്‍ 13 ദിവസം 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ വിശദമായി ചര്‍ച്ച ചെയ്തു പാസ്സാക്കുന്നതാണ്. 2024-25 വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2025-26 വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാകേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു 2025മാര്‍ച്ച് 28-ന് സഭ പിരിയുന്നതാണ്.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാങ്കണത്തില്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ വച്ച് കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ അവാര്‍ഡ് എഴുത്തുകാരന്‍ എം.മുകുന്ദന് സമ്മാനിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരന്മാരില്‍ ഒരാളായ എം.ടി യുടെ സ്മരണാര്‍ത്ഥം ‘നാലുകെട്ട് ‘എന്ന പേരില്‍ ഒരു വേദി സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ പതിപ്പുകളെ പോലെതന്നെ മൂന്നാം പതിപ്പും ഉള്ളടക്ക മേന്മയിലും സംഘാടനത്തിലും ഏറെ മികച്ചതായിരുന്നു എന്നാണു വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
പൊതുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഈ സാംസ്‌കാരിക മഹോത്സവത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി കണക്കാക്കുന്നു. കേരള നിയമസഭയെ മാതൃകയാക്കി കര്‍ണാടക നിയമസഭയുടെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ബഹുമാനപെട്ട കര്‍ണാടക സ്പീക്കര്‍ അറിയിച്ച വിവരം അഭിമാനപൂര്‍വം സൂചിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമായി ഏഴു വേദികളിലായി നടന്ന പാനല്‍ ചര്‍ച്ചകള്‍, KLIBF Dialogues, KLIBF Talks, Meet the Author എന്നിങ്ങനെ എഴുപതോളം വിവിധ സെഗ്മെന്റുകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായവര്‍ ഉള്‍പ്പെടെ 180 അതിഥികള്‍ പങ്കെടുത്തു.
311 പുസ്തക പ്രകാശനങ്ങളും 54 പുസ്തക ചര്‍ച്ചകളും സംഘടിപ്പിക്കുകയുണ്ടായി. പുസ്തക പ്രകാശനത്തിനും ചര്‍ച്ചയ്ക്കുമായി 1600 അതിഥികള്‍ നിയമസഭാങ്കണത്തില്‍ എത്തിയതായി കണക്കാക്കുന്നു. 169 പ്രസാധകര്‍ക്കായി 266 സ്റ്റാളുകളും 18 ഫുഡ്സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ഈ പതിപ്പില്‍ പുതുതായി ആരംഭിച്ച സ്റ്റുഡന്റസ് കോര്‍ണര്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുസ്തകോത്സവത്തിന്റെ ഭാഗമായി പൂര്‍ണമായും കോളേജ് വിദ്യാര്‍ത്ഥിനികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് പഴയ അസംബ്ലി ഹാളില്‍ ഒരു മാതൃക നിയമസഭ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളില്‍ 1500 ലധികം പേര്‍ പങ്കെടുത്തു.
ജനുവരി 13നു നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രശസ്ത നടന്‍ പ്രകാശ് രാജ്, പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി.വി. പത്മസീലി എന്നിവര്‍ സന്നിഹിതരായി. പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന വിവരം സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പുസ്തകോത്സവത്തിന്റെ ഏഴു ദിവസങ്ങളിലായി വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച മെഗാ ഷോ വലിയ തോതില്‍ കലാസ്വാദകരെ ആകര്‍ഷിച്ചതായി കാണുന്നു. പുസ്തകോത്സവവുമായി സഹകരിച്ച പ്രസ്തുത മാധ്യമ സ്ഥാപനങ്ങളോടുള്ള കേരള നിയമസഭയുടെ നന്ദി അറിയിക്കുകയാണ്. കൂടാതെ പുസ്തകോത്സവത്തിനു അര്‍ഹമായ പ്രചാരണം നല്‍കി പുസ്തകോത്സവം വന്‍വിജയമാക്കാന്‍ സഹകരിച്ച എല്ലാ പത്ര ദൃശ്യ ശ്രവ്യ ഓണ്‍ ലൈന്‍ മാധ്യമ സുഹൃത്തുക്കളോടുമുള്ള നന്ദി അറിയിക്കുന്നു.
CONTENT HIGH LIGHTS;State budget on February 7: Legislative session to begin on 17th, break on March 8; The speaker said that the third edition of the Assembly International Book Festival was a huge success