Entertainment

‘ഞാൻ കാസ്റ്റിങ് കൗച്ചിന്റെ ഇര’ ; സിനിമയിൽ തിളങ്ങാൻ കഴിയാതെ പോയതിന്റെ കാരണം തുറന്നുപറഞ്ഞ് രുപാലി ​ഗാം​ഗുലി

ഹിന്ദി സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് രുപാലി ​ഗാം​ഗുലി. നിരവധി ആരാധകരും രുപാലിക്കുണ്ട്. പല സീരിയലുകളിലും അഭിനയിക്കുന്നതിനായി റെക്കോർഡ് പ്രതിഫലമാണ് രുപാലി വാങ്ങുന്നതെന്ന റിപ്പോർട്ടുകൾ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. അനുപമ എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക പ്രീതി നേടിയത്.

ഹിന്ദി സിനിമാ സംവിധായകനായ അച്ഛന്‍ അനില്‍ ഗാംഗുലിയുടെ സാഹേബ് (1985) എന്ന ചിത്രത്തിലൂടെ ഏഴാം വയസില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് രുപാലി ഗാംഗുലി. സുകന്യ എന്ന പരമ്പരയിലൂടെ 2000 ല്‍ ആയിരുന്നു ടെലിവിഷന്‍ അരങ്ങേറ്റം. സാരാഭായ് vs സാരാഭായ് എന്ന സിറ്റ്കോം പരമ്പരയിലെയും സഞ്ജീവനി എന്ന മെഡിക്കല്‍ ഡ്രാമ സിരീസിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഹിന്ദി ബിഗ് ബോസ് സീസണ്‍ 1 മത്സരാര്‍ഥി കൂടിയായ രുപാലി ഒന്‍പത് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് സിനിമയിൽ തിളങ്ങാൻ കഴിയാതെ പോയതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം.

സിനിമാരം​ഗത്ത് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച് മേഖലയിൽ സജീവമായിരുന്നു എന്നും അത് നേരിടേണ്ടിവന്നപ്പോൾ സ്വയം അകലം പാലിച്ചു എന്നുമാണ് രുപാലി പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. രുപാലിയുടെ വാക്കുകൾ ഇങ്ങനെയാണ്.- ‘എനിക്ക് സിനിമകളില്‍ തിളങ്ങാനായില്ല. കാരണം അക്കാലത്ത് സിനിമകളെ നയിച്ചിരുന്നതുതന്നെ കാസ്റ്റിങ് കൗച്ചുകളായിരുന്നു. ഒരു പക്ഷേ ചിലര്‍ക്ക് അത് നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ ഞാൻ അത് നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ വഴി അതല്ലെന്ന് തീരുമാനിച്ചിരുന്നു. ഇതാകാം സിനിമയിലെ പരാജയത്തിന് കാരണം’. എന്നിങ്ങനെയാണ് രുപാലി പറയുന്നത്. അതേ സമയം അനുപമാ എന്ന ടി.വി ഷോ തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഈ ഷോയിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ചാണ് ജീവിതം നയിക്കുന്നതെന്നും രുപാലി പറഞ്ഞു.

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. സീരിയലില്‍ അനുപമ എന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. അനുപമ എന്ന കഥാപാത്രത്തിന്‍റെ ജനപ്രീതി വർധിച്ചതോടെയെണ് താരത്തിന്റെ ശമ്പളം വലിയ തോതിൽ ഉയർന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്.