പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പാർക്കിൽ 100 കോടി മുടക്കുന്ന സംരംഭകർ ആദ്യം 10 ശതമാനം തുക അടയ്ക്കണം, രണ്ടുവർഷത്തേക്ക് മൊറട്ടോറിയം ലഭിക്കും, പിന്നീട് 10 തവണകളായി ബാക്കിതുക അടച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നേരത്തെ ഇരുപതാംസ്ഥാനത്തായിരുന്ന കേരളം ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറികഴിഞ്ഞുവെന്നും നിക്ഷേപം നടത്താനുള്ള മികച്ചസമയമാണിതെന്നും മന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യുഎഇ പ്രധാന പങ്കാളികളാകുമെന്നാണ് കരുതുന്നതെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി ഉദ്ഘാടനവേളയിൽ മുഖ്യാതിഥിയാകുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. രണ്ടരവർഷത്തിനകം കേരളത്തിൽ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങൾ യാഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. കേരളത്തിൽ പുതിയ ഭക്ഷ്യസംസ്കരണ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാക്കും. നിക്ഷേപകർക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും എം.എ.യൂസഫലി അഭിപ്രായപ്പെട്ടു. ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസംസ്കരണം, ടൂറിസം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷപത്തിനുള്ള വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ഷോപ്പിങ്ങ് മാൾസ്, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, ലോജിസ്റ്റിക്സ് പാർക്ക്, ഫ്ലൈറ്റ് കിച്ചൺ, ഐടി എന്നിങ്ങനെ കേരളത്തിൽ വിപുലമായ നിക്ഷേപമാണ് ലുലു നടത്തിയത്. ജെർമ്മൻ ടെക്നോളജിയിലൂടെ ആധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമാകുന്ന കളമശേരിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം രണ്ട് മാസത്തിനകം തുറക്കുമെന്നും നിരവധി പ്രൊജ്ക്ടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും എം.എ.യൂസഫലി കൂട്ടിചേർത്തു. പുതിയ നിക്ഷേപങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണെന്നും യൂസഫലി വ്യക്തമാക്കി.
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പൻ, അബ്ദുൾ വഹാബ് എം.പി, ഐ.ബി.പി.സി. ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, വികെഎൽ ഹോൾഡിങ് കമ്പനി ചെയർമാൻ വർഗീസ് കുര്യൻ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ ഭാഗമായി.