രാജ്യത്ത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിര്‍മ്മാണത്തോടെ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാഗവത് മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെട്ടേനേയെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ആര്‍എസ്എസ് മേധാവിയുടെ പരാമർശത്തിനെതിരെ രാഹുൽ പ്രതികരിച്ചത്. ഒരു പ്രത്യേക സമയത്താണ് നമുക്ക് പുതിയ ആസ്ഥാനം ലഭിക്കുന്നത്. 1947 ൽ ഇന്ത്യ ഒരിക്കലും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി കഴിഞ്ഞദിവസം പറഞ്ഞത് തികച്ചും പ്രതീകാത്മകമാണെന്ന് താൻ കരുതുന്നു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നും ഭാഗവത് പറയുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്ന് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ രാജ്യത്തെ അറിയിക്കാൻ ഭാഗവത് ധൈര്യപ്പെടുന്നു. ഇന്നലെ അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. കാരണം നമ്മുടെ ഭരണഘടന അസാധുവാണെന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ചെയ്തതെല്ലാം അസാധുവാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് പരസ്യമായി പറയാൻ അദ്ദേഹം ധൈര്യപ്പെടുന്നു. മറ്റേതെങ്കിലും രാജ്യത്തുവെച്ചാണിത് പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹം ഇരുമ്പഴിക്കുള്ളിലായേനേ. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയില്ല എന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനും നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം അസംബന്ധങ്ങൾക്ക് ചെവിക്കൊടുക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.-രാഹുൽ കൂട്ടിച്ചേർത്തു.