Kerala

മലയാഴി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

യുകെയിൽ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. അച്ചാമ്മ ചെറിയാൻ എന്ന 57 കാരിയ്ക്കാണ് പരിക്കേറ്റത്. മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു സംഭവം. നഴ്‍സിനെ കുത്തി പരിക്കേൽപ്പിച്ച റുമോൺ ഹഖ് എന്ന 37കാരനെ സംഭവ സ്ഥലത്തു വെച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി അച്ചാമ്മ ചെറിയാൻ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.

പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. രാത്രി 11.30ന് ആശുപത്രിയിൽ ഏറെ തിരക്കുള്ള സമയത്ത് യുവാവിനെ പരിചരിക്കുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അക്യൂട്ട് മെ‍ഡിക്കൽ യൂണിറ്റിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക എടുത്താണ് ഇയാൾ നഴ്സിന്റെ കഴുത്തിന് പിന്നിൽ കുത്തിയത്. സംഭവത്തിന് കാരണമായി പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണമാണെന്ന് സൂചന.