നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പൊലീസ്.
കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.
മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു.