വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ്. എന്നാൽ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനൊക്കുമോ? പറ്റുമെന്നാണ് ഉത്തരം. പലപ്പോഴും ശതകോടീശ്വരൻമാരും മറ്റും ദ്വീപുകൾ വാങ്ങുന്നതായൊക്കെ വാർത്തകളിൽ കേൾക്കാറില്ലേ? ദ്വീപുകളുടെ വിൽപനയും വാങ്ങലും വേണമെങ്കിൽ വാടകയ്ക്കെടുക്ക ലുമൊക്കെ സാധ്യമാക്കുന്ന വെബ്സൈറ്റുകളും ഏജൻസികളുമൊക്കെയുണ്ട്. സ്കോട്ലൻഡിന്റെ തെക്കൻ തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വിദൂരവും ആൾതാമസമില്ലാത്തതുമായ ദ്വീപാണ് ബാൽലൊക്കോ. 25 ഏക്കറോളം വിസ്തീർണം വരുന്ന ഈ ദ്വീപിൽ കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഇല്ല.
ദ്വീപിനുള്ളിൽ ഒരു കുളമുണ്ട്. അതേ പോലെ, ദ്വീപിന്റെ തീരം വെള്ളാരങ്കല്ലുകൾ നിറഞ്ഞ ഒരു ബീച്ചാണ്. ഇവിടേക്ക് ബോട്ടിലെത്താനും സാധിക്കും. ഈ ദ്വീപ് ഒന്നരക്കോടി രൂപയുണ്ടെങ്കിൽ സ്വന്തമാക്കാമെന്നു പറഞ്ഞ് 2023ൽ പരസ്യം ഇറങ്ങിയിരുന്നു.ഗാൽബ്രൈത് ഗ്രൂപ്പ് എന്ന കമ്പനിയാണ് ദ്വീപിന്റെ വിൽപന സംബന്ധിച്ച പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള പട്ടണം 12 കിലോമീറ്റർ അകലെയാണ്. റോഡിൽ ഒരുമണിക്കൂർ സഞ്ചരിച്ചാലേ അടുത്തുള്ള തീവണ്ടി സ്റ്റേഷനിൽ എത്താൻ സാധിക്കുകയുള്ളൂ.
ധാരാളം സസ്യങ്ങൾ വളർന്നുനിൽക്കുന്നതിനാൽ ദ്വീപിലെമ്പാടും നല്ല പച്ചപ്പാണ്. ഒട്ടേറെ കടൽപ്പക്ഷികളും ഇവിടെ വസിക്കുന്നുണ്ട്. മനുഷ്യവാസമില്ലെങ്കിലും ധാരാളം വന്യജീവികൾ ഈ ദ്വീപിനെ വീടാക്കിയിട്ടുണ്ട്. റോക്ക് സീ ലാവൻഡർ, സുഗന്ധ ഓർക്കിഡ് തുടങ്ങിയ അപൂർവ സസ്യങ്ങളും ഇവിടെ തളിർക്കുന്നു. വളരെ ഉയർന്ന വില കൊടുത്ത് ചില ദ്വീപുകളുടെ കച്ചവടം നടക്കാറുണ്ട്. എന്നാൽ മധ്യവർഗക്കാർക്കും വാങ്ങാൻ സാധിക്കുന്ന ദ്വീപുകളുണ്ട്. മധ്യഅമേരിക്കൻ മേഖലയിലെ ദ്വീപുകൾക്ക് പൊതുവെ തുക കുറവാണ്. എന്നാൽ യൂറോപ്പിൽ കൂടുതലുമാണ്.
STORY HIGHLIGHTS: private-island-purchase-guide