പുന്നപ്ര തൂക്കുകുളം ഭാഗത്ത് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ജാൻപൂർ സ്വദേശികളായ ആശിഷ് കുമാർ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72 ) എന്നിവരാണ് പുന്നപ്ര പൊലീസ് പിടിയിലായത്. കഴിഞ്ഞ നവംബർ 14-നാണ് മോഷണം നടന്നത്. തൂക്കുകുളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവിടുത്തെ യുവതിയുടെയും യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ചു. കുറുവാ സംഘം മോഷണം നടത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്. പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കേസിലെ പ്രതിയായ ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്.