Kerala

ഷഹാനയുടെ ആത്മഹത്യ; വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം കൊണ്ടോട്ടിയില്‍ ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 19 കാരി നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുതുവെന്ന വാര്‍ത്ത രാവിലെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി കമ്മീഷന്‍ ഡയറക്ടര്‍ക്കും സി.ഐക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് 19കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ സ്വന്തംവീട്ടിലെ കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് അച്ഛനും അയൽവാസികളും വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ബിരുദ വിദ്യാർഥിയായ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർ നിറത്തിന്റെ പേരിൽ അവഹേളിച്ചതിൽ മനം നൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നിറമില്ലെന്നും ഇം​ഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് ഷഹാന നിരന്തരം അവഹേളനം നേരിട്ടതായും വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

2024 മെയ് 27നാണ്‌ കിഴിശേരി മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വാഹിദുമായി വിവാഹംകഴിഞ്ഞത്‌. പിന്നീട് വിദേശത്തേക്ക് പോയ ഭർത്താവ്‌ ഫോണിലൂടെ നിറത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കി.