Kerala

സര്‍ക്കാര്‍ പിന്നോട്ട് പോയതല്ല, മലയോരജനതയെ സര്‍ക്കാരിന് എതിരായി മാറ്റാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഭേദഗതി കാലോചിതം ആയിരുന്നവെന്നും സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മലയോരജനതയെ സര്‍ക്കാരിന് എതിരായി മാറ്റാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി ആരോപിച്ചു. അങ്ങനെയാണ് നിലമ്പൂരില്‍ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് മുസ്ലീം ലീഗ് ഒരു സമരവുമായി മുന്നോട്ട് വന്നു. ഇപ്പോള്‍ യുഡിഎഫും സമരവുമായി മുന്നോട്ട് വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തി ഏതെങ്കിലും ഒരു നിയമം പാസാക്കുക എന്നത് ഞങ്ങളുടെ നിലപാടല്ല. തര്‍ക്കത്തില്‍ നില്‍ക്കുന്ന ഒരു കാലത്ത്, പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങളുടെ മനസില്‍ തീകോരിയിട്ട് അവരെ സര്‍ക്കാര്‍ വിരുദ്ധരാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയേതര സംഘടനകളുടെ ഗൂഢശ്രമത്തിന് ഒരു സാഹചര്യമുണ്ടാക്കുന്നത് ഉചിതമല്ല എന്നാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് കരട് പിന്‍വലിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതി ഇപ്പോള്‍ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ല, കൈ പൊള്ളിയിട്ടുമില്ല. കര്‍ഷക വിരുദ്ധമാണ് സര്‍ക്കാര്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്നും മന്ത്രി ആരോപിച്ചു.