ഗാസയിൽ വെടിനിർത്തൽ കരാർ ഉടൻ നിലവിൽവരുമെന്ന് സൂചന. ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് ഉടൻ മാധ്യമങ്ങളെ കാണും. ഇതിൽ വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് സൂചന. ഖത്തർ നൽകിയ വെടിനിർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേലും ഇത് അംഗീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെടിനിർത്തൽ സംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഗാസയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിനിടെ ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി.