Kerala

എയർ കേരളയുടെ ആഭ്യന്തര സർവീസ്‌ ജൂൺമുതൽ; ആദ്യ സർവീസ്‌ കൊച്ചിയിൽനിന്ന്‌

നെടുമ്പാശ്ശേരി: മലയാളികളുടെ സംരംഭമായ എയര്‍ കേരള ജൂണില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച്‌ വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു.

രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ്‌ ദൗർലഭ്യമെന്ന്‌ എയർ കേരള സാരഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി പറന്നെത്തുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞനിരക്കായിരിക്കും ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിൽ നടന്ന ഹബ്ബ് പ്രഖ്യാപനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ, സിയാൽ ഡയറക്ടർ ജി മനു, എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ്‌കുട്ടി, ആഷിഖ് എന്നിവർ പങ്കെടുത്തു.