പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഇതാ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്സ് നോമിനേഷനിൽ കയറിയിരിക്കുകയാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനിൽ ആണ് ചിത്രമുള്ളത്. ബുധനാഴ്ചയാണ് ബാഫ്റ്റ നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16ന് പുരസ്‌കാരം പ്രഖ്യാപിക്കും.
കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രം ഓസ്‌കാര്‍ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‍കാരങ്ങളുടെ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.
കനി കുസൃതിക്കും ദിവ്യപ്രഭയ്ക്കും പുറമെ അസീസ് നെടുമങ്ങാട്, ഹൃദു ഹാരൂണ്‍, ഛായ കദം എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിലെത്തുന്നത്. ഇന്ത്യ-ഫ്രാന്‍സ് ഔദ്യോഗിക സംയുക്തനിര്‍മ്മാണ സംരംഭമാണ് ചിത്രം. ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനദര്‍ ബെര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് നിര്‍മ്മിച്ചത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
മൂന്നുപതിറ്റാണ്ടിനുശേഷം ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കാനിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.
CONTENT HIGHLIGHT: all we imagine as light nominated for best foreign film at bafta awards