പത്തനംതിട്ട: ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായവരില്‍ 30 ശതമാനംപേരും കൗമാരക്കാര്‍. 60 പ്രതികളില്‍ 20 പേരും കൗമാരക്കാരാണ്. അഞ്ചുപേര്‍ 17 വയസ്സില്‍ താഴെയുള്ളവര്‍. 30 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ രണ്ടുപേര്‍മാത്രം. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതിപ്പട്ടികയില്‍ ഏറെയും. പ്രതികളുടെ എണ്ണത്തിലും പ്രതികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിലും പത്തനംതിട്ടയിലെ പീഡനക്കേസ് സംസ്ഥാനത്തെ ഏറ്റവുംവലിയ പോക്‌സോ കേസായി. ഇതുവരെ 52 പേരാണ് പിടിയിലായത്.
വീണത് പോക്‌സോ കേസ് എന്ന വലിയ കുരുക്കിലേക്കാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞത് അഴിക്കുള്ളിലായപ്പോളാണ്. ചുരുങ്ങിയത് ഒരുമാസംമുതല്‍ നാലുമാസംവരെ ജാമ്യംകിട്ടാതെ അകത്തുകിടക്കേണ്ടിവരുന്ന കുറ്റങ്ങളാണ് പലരും നടത്തിയിട്ടുള്ളത്. പ്രതികളില്‍ ഇപ്പോള്‍ 19, 20 വയസ്സ് പ്രായമുള്ളവര്‍ 18 വയസ്സ് പൂര്‍ത്തിയാകുംമുമ്പായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അതായത്, ഇവരെല്ലാം ആ സമയത്ത് ഹയര്‍ സെക്കന്‍ഡറി പഠനത്തിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതികളും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായിരുന്നു.
ഇലവുംതിട്ട പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് പീഡനം തുടങ്ങിയത്. പിന്നീട് ജില്ലയിലെ പലയിടത്തും പീഡനം നടന്നു. പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്‍ഡാണ് അതിലൊന്ന്. രണ്ടുപേര്‍ചേര്‍ന്ന് പത്തനംതിട്ടയുടെ പ്രാന്തപ്രദേശത്ത് നടത്തിവന്നിരുന്ന മീന്‍കടയാണ് മറ്റൊരുകേന്ദ്രം. ഇവിടങ്ങളില്‍ രൂപപ്പെട്ട സംഘങ്ങളാണ് മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍സ്റ്റാഗ്രാമാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി പറഞ്ഞ പ്രതികളുടെ ഫോണ്‍നമ്പരുകളില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഒരാള്‍പോലും പ്രതിരോധിച്ചില്ല. അത്ര ശക്തമായ ഡിജിറ്റല്‍ തെളിവുകളുമായാണ് പോലീസ് ഓരോ പ്രതിയെയും പിടിച്ചത്.