ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. നിരവധി തവണ മാറ്റിവച്ച ശേഷമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്പേഡെക്സ്. ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്കും മുതൽക്കൂട്ടാകും. ഏറ്റവും കുറഞ്ഞ ചെലവിൽ ലക്ഷ്യം നേടിയെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.