India

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേർ പിടിയിൽ

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. ഒരാൾ മാത്രമാണ് അക്രമം നടത്തിയത്. നടന് ആറ് തവണ കുത്തേറ്റെന്നാണ് വിവരം. പ്രതി ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.