നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്‌മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മ രണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക.
മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ സനന്ദനെ കൊണ്ടു പോയി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മകൻ പോവാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരും.