ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസില്‍ ഡിസി ബുക്സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.
ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന് തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.