കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (KGMOA) യുടെ 58-ാം സംസ്ഥാന സമ്മേളനം വന്ദനം 2025 ജനുവരി 18, 19 തീയതികളില്‍, കോട്ടയം കുമരകം കെ.ടി.ഡി.സി വാട്ടര്‍ സ്‌കേപ്‌സില്‍ ( ഡോ. C N സുഗതന്‍ നഗര്‍) വച്ച് നടക്കും. സര്‍വീസ് സംഘടന എന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തനത്തോടൊപ്പം പൊതുജനാരോഗ്യ രംഗത്തെ സജീവമായ ഇടപെടല്‍ കൊണ്ടും സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു സംഘടനയെ സംബന്ധിച്ചിടത്തോളം 2024. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുകയും വരും വര്‍ഷം ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്യുക എന്നതാണ് രണ്ട് ദിവസങ്ങളായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യം.
18ന് രാവിലെ എട്ടര മണിക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍ സുരേഷ് പതാക ഉയര്‍ത്തും. പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ. കെ. വേണുഗോപാലന്‍ മെമ്മോറിയല്‍ മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി, സംസ്ഥാന ജനറല്‍ ബോഡി യോഗം, മുതിര്‍ന്ന നേതാക്കളെ ആദരിക്കല്‍ ചടങ്ങുകള്‍ നടക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല ആരോഗ്യ പ്രശ്‌നോത്തരി-അമൃതകിരണം മെഡി ഐക്യു സീസണ്‍ -7 ഗ്രാന്റ് ഫിനാലെ, കുടുംബ സംഗമം, കലാസന്ധ്യ എന്നിവയും അരങ്ങേറും.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിനിധികള്‍ പങ്കെടുക്കും. 19ന് രാവിലെ സംഘടിപ്പിക്കപ്പെടുന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2025 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും. ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ശ്രീവിലാസന്‍. കെ.എ.കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ: റോസിനാര ബീഗം, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: വിനോദ് പി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
content high lights; KGMOA State Conference on 18th and 19th January at Kottayam: Inaugurated by Minister VN Vasavan