മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതിക്കും കേന്ദ്രം രൂപം നല്‍കി. ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ചെയര്‍മാന്‍ ആണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടെ സമിതിയില്‍ 7 അംഗങ്ങളാണ് ഉള്ളത്.
പുതിയ സമിതി ഡാം തുടര്‍ച്ചയായി പരിശോധിക്കും. കാലവര്‍ഷത്തിനു മുന്‍പും കാലവര്‍ഷ സമയത്തും ഡാം സസൂക്ഷ്മം നിരീക്ഷിക്കും. സുരക്ഷ നിരീക്ഷിച്ച ആവശ്യമായ നടപടികള്‍ നിര്‍ദ്ദേശിക്കുമെന്നും ആ നടപടികള്‍ തമിഴ്‌നാട് നടപ്പിലാക്കണമെന്നും ജലശക്തി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണവും ഈ വിഷയത്തില്‍ തേടിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഇടപെടല്‍.
നിലവില്‍ ഉണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേല്‍നോട്ടസമിതിക്ക് രൂപം നല്‍കുകയും ചെയ്തു.