പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല. ഒയാസിസിന് മാത്രം എങ്ങനെ അനുമതി ലഭിച്ചുവെന്ന് ചോദിച്ച രമേശ് ചെന്നിത്തല, പാരിസ്ഥിതിക പഠനം നടന്നോയെന്നും, ടെൻഡർ ക്ഷണിച്ചോയെന്നും ആരാഞ്ഞു. ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് വീണ്ടും അനുമതി കൊടുത്തിരിക്കുന്നതെന്നും, പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ നനഞ്ഞിട്ടാണോ വിഴുപ്പ് ചുമക്കുന്നത് എന്നറിയണമെന്ന് പറഞ്ഞ അദ്ദേഹം, ഈ അനുമതി ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അറിഞ്ഞിട്ടാണോയെന്ന് അവർ തന്നെ പറയണമെന്നും വ്യക്തമാക്കി. അതോടൊപ്പം, 2018 ലെ ടാക്സസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത് പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇത് സി പി എമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണെന്നും, തീരുമാനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട ചെന്നിത്തല, വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്നാണ് അനുമതി നൽകിയതെന്നും വിമർശിച്ചു.