Kerala

വിയൂര്‍ ജയിലില്‍ ബീഡി കച്ചവടം; ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തീവ്രവാദക്കേസുകളിലെ പ്രതികളെയടക്കം പാർപ്പിക്കുന്ന വിയ്യൂർ അതിസുരക്ഷാ ജയിലിൽ വൻ സുരക്ഷാ വീഴ്ച. ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ് അറസ്റ്റിലായത്. ജയിലിലെ മെസ്സിലടക്കം ജോലി ചെയ്യുന്ന തടവുകാര്‍ക്ക് കൈമാറുന്നതിനായി എത്തിച്ച ബീഡികളാണ് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ബീഡിപ്പൊതികളുമായി ഇയാളെ ജയിൽ അധികൃതർ വിയ്യൂർ പൊലീസിനു കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. 20 ചെറിയ പാക്കറ്റ് ഉൾപ്പെട്ട ഒരു കെട്ട് ബീഡി 4000 രൂപ നിരക്കിൽ തടവുകാർക്കിടയിൽ വിൽക്കുകയായിരുന്നു ജീവനക്കാരന്റെ രീതിയെന്നു തടവുകാരിൽ ചിലർ ഉന്നത ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

നേരത്തെ വിയ്യൂർ സബ് ജയിലിലായിരിക്കെ അരി മറിച്ചു വിറ്റതിന് ഇതേ ഉദ്യോഗസ്ഥൻ പിടിക്കപ്പെടുകയും സസ്പെൻഷനിലാകുകയും ചെയ്തിട്ടുണ്ട്.