നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. മൃതദേഹം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റി.
പുറത്തുവന്നിട്ടുള്ള പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാകിത ഒന്നുംതന്നെയില്ല. ശ്വാസകോശത്തിൽനിന്ന് ലഭിച്ച സാമ്പിൾ പരിശോധനാഫലം വന്നാലേ മരണകാരണം സ്വാഭാവികമാണോ അസ്വഭാവികമാണോ എന്നതിൽ വ്യക്തത വരൂ.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടികൾ ആരംഭിച്ചത്.
പൊലീസ് സംഘം പുലർച്ചെ തന്നെ നെയ്യാറ്റിൻകര അതിയന്നൂരിലെ ഗോപൻ സ്വാമിയുടെ വീട്ടിലെത്തി കല്ലറ തുറക്കുകയായിരുന്നു. നെഞ്ചുവരെ കർപ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ പൊലീസിനു നൽകിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് പറഞ്ഞിരുന്നു.