Kerala

കഞ്ചിക്കോട് ബ്രൂവറി അനുമതി നൽകിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; പ്രതിപക്ഷ ആരോപണം തള്ളി എം ബി രാജേഷ്

കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്. എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ തീരുമാനം. പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും എംബി രാജേഷ് പ്രതികരിച്ചു.

കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്നലെ മന്ത്രിസഭ അനുമതി നൽകിയത്. അനുമതിക്ക് പിന്നിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു.