എന്തിലും സുരക്ഷയാണ് പ്രധാനം. അതിപ്പോൾ റോഡിൽ ഇറങ്ങിയാലും. വാഹനം തിരഞ്ഞെടുക്കുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. കാണാനൊക്കെ നല്ലതാണെന്ന് വച്ച് വെറുതെയൊന്നും വാങ്ങരുത്. സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സ്‌കോഡയുടെ ഭാരത് എന്‍സിഎപിയില്‍ സുരക്ഷ പരിശോധിച്ച ആദ്യ മോഡലാണ് കൈലാഖ്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിൽ കിടുവാണെന്ന് തെളിയിച്ചിരിക്കുകയാണ് അത്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത സ്കോഡ കൈലാക് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) കാറായി മാറിയിരിക്കുകയാണ്.
കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഐസിഇ വാഹനങ്ങളില്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ സുരക്ഷ നേടിയിരിക്കുന്നത്.
മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച ടോപ്പ് എൻഡ് കൈലാക് പ്രസ്റ്റീജ് വേരിയന്റാണ് ഇടിപ്പരീക്ഷയിൽ പരിശോധിക്കപ്പെട്ടത്. പക്ഷേ ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് വേരിയന്റുകൾ ഉൾപ്പെടുന്ന മുഴുവൻ കൈലാക് ലൈനപ്പിനും ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ബാധകമാണെന്ന് കമ്പനി പറയുന്നു. എൻട്രി ലെവൽ ക്ലാസിക് ഒഴികെയുള്ള മറ്റെല്ലാ ട്രിമ്മുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും.
മുതിർന്നവരുടെ സേഫ്റ്റിയെങ്ങനെയുണ്ടെന്ന് കണ്ടെത്താൻ നടത്തിയ ഫ്രണ്ടൽ ഓഫ്‌സെറ്റ് ബാരിയർ ടെസ്റ്റിൽ സ്കോഡ കൈലാക് 94 ശതമാനം വിജയം നേടി. സ്ഥിരതയുള്ള ക്യാബിൻ ഘടനയാണ് മോഡലിനുള്ളതെന്ന് പ്രകടമായിട്ടുണ്ട്. സൈഡ്-മൂവിംഗ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 പോയിന്റിൽ 15.84 പോയിന്റുകൾ നേടി കൈലാക് മികവ് പുലർത്തി. ഒന്നര വയസ് മുതൽ 3 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഫ്രണ്ടൽ, സൈഡ് ടെസ്റ്റുകളിലും എസ്‌യുവി പരമാവധി സ്കോറുകൾ നേടുകയുണ്ടായി.
കൂടാതെ ചൈൽഡ് സീറ്റ് അസസ്‌മെന്റിലും ഉയർന്ന സ്കോറുകൾ നേടാൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ സ്കോഡ കൈലാക്കിൽ ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും റിമൈൻഡറുകളുള്ള മൂന്ന്-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ ഔട്ട്ബോർഡ് സീറ്റുകൾക്കുള്ള ISOFIX ആങ്കറുകൾ എന്നീ ഫീച്ചറുകളും വണ്ടിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
കൈലാക് AIS-100 പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും പാലിക്കുന്നു. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി കൈലാക് ഒരു ട്രിമിലും ADAS സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടില്ല. എങ്കിലും ക്രാഷ് ടെസ്റ്റിൽ കിടിലമാവാൻ സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ടെന്ന് വേണം പറയാൻ. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് കൈലാക്കിന്റെ എക്സ്ഷോറൂം വില വരുന്നത്.
6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ കൈലാക്കിന്റെ ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ കഴിയും. കൊടുക്കുന്ന പൈസയ്ക്കുള്ള ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.
CONTENT HIGHLIGHT: skoda kylaq suv bags five stars