വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ മുന്നിൽവെച്ച് റൗഡിയെ വെട്ടിക്കൊന്നു. ഉലഗനാഥൻ എന്നയാളാണ് കൊല്ലപ്പെട്ടത്. റൗഡിയുടെ ഭാര്യയെ അക്രമി സംഘം പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂ വാഷർമൻപേട്ടിലെ തിദീർ നഗറിലാണ് സംഭവമുണ്ടായത്. 33കാരനായ റൗഡിയെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആറോളം പേരടങ്ങുന്ന സംഘം അരിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് ഉലഗനാഥനെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് നേരെയും ആക്രമണമുണ്ടായി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ദമ്പതികളെ തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉലഗനാഥൻ മരിച്ചിരുന്നു. കാസിമേട് ഫിഷിംഗ് ഹാർബർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.