മോട്ടോർ വാഹന വകുപ്പിലെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർ സി ബുക്ക് ഡിജിറ്റിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർ സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിൽ ആർ സി കിട്ടാൻ മാസങ്ങൾ വൈകുന്നുവെന്ന് പരാതിയെത്തുടർന്നാണ് നടപടി. ഏത് വലുപ്പത്തിലും പ്രിന്റ് എടുക്കാൻ സാധിക്കും റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക എന്ന് മന്ത്രി പറഞ്ഞു.
ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.